യുറഗ്വായ് മുൻ പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു;ഫാംഹൗസ് ഔദ്യോഗിക വസതിയാക്കിയ ലാളിത്യത്തിന്റെ പ്രതീകം

മോണ്ടിവിഡിയോ: യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക (89) അന്തരിച്ചു. എളിമയാര്‍ന്ന ജീവിതശൈലികൊണ്ട് ‘ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്’ എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. 2024-ല്‍ അന്നനാള അര്‍ബുദം ബാധിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ഇത് പിന്നീട് കരളിലേക്ക് പടര്‍ന്നു. ഈവര്‍ഷം ആദ്യത്തോടെ ചികിത്സ നിര്‍ത്തിവെച്ച് അവസാന നാളുകള്‍ തന്റെ ഫാമില്‍ ചെലവഴിച്ചു. പ്രസിഡന്റ് പദവിയിലിരുന്നപ്പോഴും അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്.ഒരുകാലത്ത് ഗറില്ല പോരാളിയായിരുന്നു ഹൊസേ മൊഹീകയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള പ്രയാണം അസാധാരണമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍നിന്ന് പ്രചോദിതനായി, 1960-കളിലും 70-കളിലും സായുധ കലാപം ആരംഭിച്ച ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ (Tupamaros) പ്രധാനിയായി മൊഹീക്ക മാറി. യുറഗ്വായുടെ സൈനിക സ്വേച്ഛാധിപത്യകാലത്ത് അദ്ദേഹം പിടിയിലാവുകയും ഒന്നരപ്പതിറ്റാണ്ടോളം ജയില്‍വാസമനുഭവിക്കുകയും ചെയ്തു. അതില്‍ ഭൂരിഭാഗവും ഏകാന്ത തടവായിരുന്നു.
Source link