വീട് അരിച്ചുപെറുക്കിയ കള്ളന് ഒന്നും കിട്ടിയില്ല; അടുക്കളയിൽ പഴന്തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചത് 25 പവൻ

ആലപ്പുഴ: ദമ്പതിമാർ ഹജ്ജിനു പോയതിനു പിന്നാലെ അടച്ചിട്ട വീട്ടിൽ മോഷണശ്രമം. മോഷ്ടാവ് അരിച്ചുപെറുക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയില്ല. അടുക്കളയിൽ പഴയ തുണിയിൽ 25 പവനോളം സ്വർണം വീട്ടുകാർ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നു. മോഷ്ടാവ് ഇതു കണ്ടില്ല.ആലപ്പുഴ വലിയകുളം വെറ്റക്കാരൻ ജങ്ഷനിലെ വെസ്റ്റ് വിൻസ് വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുടമ അഡ്വ. മുജാഹിദും ഭാര്യ മുംതാസും വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ഹജ്ജിനായി പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ജോലിക്കാരി വീടു വൃത്തിയാക്കാനെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നതു കണ്ടത്. തുടർന്ന്, സമീപത്തു താമസിക്കുന്ന വീട്ടുടമയുടെ ബന്ധുവിനെ അറിയിച്ചു. ഇവർ സൗത്ത് പോലീസിനെ അറിയിച്ചു. പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പ്രാഥമികപരിശോധന നടത്തി. കിടപ്പുമുറിയും സ്റ്റോറും ഉൾപ്പെടെ അഞ്ചു മുറികളുള്ള വീടിൻറെ രണ്ടു ഗേറ്റും പൂട്ടിയനിലയിലായിരുന്നു. മതിൽ ചാടിക്കടന്ന മോഷ്ടാവ് മുൻവാതിൽ തകർത്താണ് അകത്തുകടന്നത്. അലമാരയടക്കം കുത്തിത്തുറന്ന് തുണിത്തരങ്ങളും വസ്ത്രങ്ങളും പുറത്തിട്ടിരുന്നു.
Source link