ദളിത് യുവതിയെ അപമാനിച്ച സംഭവം; ജില്ലയ്ക്ക് പുറത്തുള്ള DYSP അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്വര്‍ണമാല മോഷ്ടിച്ചു എന്നാരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ 20 മണിക്കൂര്‍ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷണം നടത്തണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി/ അസി. കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.ജില്ലാ പോലീസ് മേധാവി സൗത്ത് സോണ്‍ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും പോലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ വനിതാ അഭിഭാഷകയെ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. ഇര പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Source link