പച്ചപ്പുല്മേടുകള്ക്ക് പകരം വനം, കോടമഞ്ഞ് പേരിനുപോലുമില്ല; ടൂറിസം പ്രതാപം മങ്ങി പാലക്കയംതട്ട്

സദാസമയവും വീശിയടിക്കുന്ന കാറ്റ്. ‘പച്ചത്തിരമാലകള്‍’ തീര്‍ത്ത വിശാലമായ പുല്‍മേട്. പക്ഷിയുടെ കണ്ണിലൂടെയെന്ന വിധം കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍. എല്ലാത്തിലുമുപരി നിമിഷനേരംകൊണ്ട് കാഴ്ചകള്‍ മറച്ച് കുളിരു കോരിയിടുന്ന കോടമഞ്ഞ്. കാല്‍നൂറ്റാണ്ട് മുമ്പുവരെ ഇതായിരുന്നു പാലക്കയംതട്ട്. എന്നാല്‍ വീഡിയോകള്‍ കണ്ടും കേട്ടറിഞ്ഞും ഈ വിനോദസഞ്ചാരകേന്ദ്രം കാണാനെത്തുന്നവരെ നിരാശപ്പെടുത്തും ഇവിടത്തെ ഇപ്പോഴത്തെ കാഴ്ചകള്‍. പൂരം കഴിഞ്ഞ് ആളൊഴിഞ്ഞു പോയ സ്ഥലംപോലെ ദുഃഖകരമാണ് അവസ്ഥ. മൂന്നോ നാലോ റിസോര്‍ട്ടുകളില്‍ മാത്രമാണ് ആളും ആരവവും ബാക്കിയുള്ളത്. കോടമഞ്ഞ് വല്ലപ്പോഴും വന്നുമറഞ്ഞാലായി. കാറ്റ് പേരിനുപോലുമില്ല. 60 ഏക്കറോളം വ്യാപിച്ചുകിടന്നിരുന്ന പുല്‍മേട് അപ്രത്യക്ഷമായി. പകരം മരങ്ങള്‍ വളര്‍ന്ന് ചെറിയൊരു വനം രൂപാന്തരപ്പെട്ടു. ഒരു നാടിന്റെ ടൂറിസം സ്വപ്നങ്ങളും കോടമഞ്ഞുപോലെ മാഞ്ഞുപോയി.
Source link