ഷൗക്കത്തിനെതിരായ പരാമർശം പിൻവലിച്ചാൽ UDF അസോ. മെമ്പറാക്കാം, തീരുമാനം അൻവറിനെ അറിയിച്ചു- അടൂർ പ്രകാശ്

നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിച്ചാല്‍ പി.വി. അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കാമെന്ന് മുന്നണി യോഗത്തില്‍ തീരുമാനം. ഷൗക്കത്തിനെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്താല്‍ മുന്നണിയില്‍ അസോസിയേറ്റ് മെമ്പറാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശം അന്‍വര്‍ പിന്‍വലിച്ചാല്‍ അസോസിയേറ്റ് മെമ്പറായി അദ്ദേഹത്തെ കൊണ്ടുവരാമെന്നാണ് യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തത്. അത് അന്‍വറിനെ ടെലഫോണ്‍വഴി അറിയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള നാളുകളില്‍ യുഡിഎഫുമായി സഹകരിച്ച് എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിന് അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് തങ്ങളുള്ളതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Source link