Chat GPT അക്കൗണ്ട് ഉപയോഗിച്ച് മറ്റ് ആപ്പുകളിലും ലോഗിന്‍ ചെയ്യാം, പുതിയ സൗകര്യമൊരുക്കാന്‍ Open AI

ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തേഡ് പാര്‍ട്ടി ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നത് പോലെ ചാറ്റ്ജിപിടി അക്കൗണ്ട് ഉപയോഗിച്ചും താമസിയാതെ തേഡ് പാര്‍ട്ടി സേവനങ്ങളില്‍ ലോഗിന്‍ ചെയ്യാനാവും. അതിനായി ശ്രമിച്ചുവരികയാണെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. ആപ്പുകളില്‍ ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള ലോഗിന്‍ ഉള്‍പ്പെടുത്തുന്നതിന് ഡെവലപ്പര്‍മാരുമായും കമ്പനി സഹകരിച്ചുവരികയാണ്. ചാറ്റ് ജിപിടിയ്ക്ക് 60 കോടിയോളം പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്ക്. ഇതുവഴി ലോകത്തെ ജനപ്രിയ കണ്‍സ്യൂമര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായി ചാറ്റ് ജിപിടി മാറി. ഷോപ്പിങ്, സോഷ്യല്‍മീഡിയ എന്നീ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഓപ്പണ്‍ എഐ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇത് കൂടാതെ എഐ അധിഷ്ടിതമായൊരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉപകരണം അവതരിപ്പിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണെന്ന് സാം ഓള്‍ട്ട്മാന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ‘സൈന്‍ ഇന്‍ വിത്ത് ചാറ്റ്ജിപിടി’ ഫീച്ചറിന്റെ ഒരു പ്രിവ്യൂ ഇമേജ് ഓപ്പണ്‍ എഐ പുറത്തുവിട്ടിരുന്നു.
Source link