Live ഭൂകമ്പത്തിൽ തകർന്നടിഞ്ഞ് മ്യാൻമർ; മരണം 1000 കടന്നു, 2376 പേർക്ക് പരുക്ക്, തിരച്ചിൽ തുടരുന്നു

നയ്പീഡോ (മ്യാൻമർ) ∙ മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. തായ്‌ലൻഡിൽ 10പേർ മരിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം. ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്.മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ തലവൻ മിൻ ഓങ് ലെയ്ങ് പരുക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ചു. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നാണ് 10 മരണം. ബാങ്കോക്ക് മെട്രോയും ലൈറ്റ് റെയിലും പ്രവർത്തനം പുനരാരംഭിച്ചു. ഭൂകമ്പം തകർത്ത മ്യാൻമറിനു സഹായവുമായി ലോക രാഷ്ട്രങ്ങൾ രംഗത്തെത്തി. ‘ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം. ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയച്ചു.
Source link