MANORAMA IMPACT കൈക്കുഞ്ഞിനെയുമേന്തി ഉപജീവനത്തിനായി നെട്ടോട്ടം: പ്രവാസി യുവതിയെ തേടിയെത്തിയ കാരുണ്യഹസ്തം

അജ്‌മാൻ ∙ കൈക്കുഞ്ഞിനെയുമേന്തി ഉപജീവനത്തിനായി അജ്മാനിൽ അലഞ്ഞ ശ്രീലങ്കൻ യുവതിക്ക് മനോരമ ഓൺലൈൻ വാർത്തയെ തുടർന്ന് സുമനസ്സുകളുടെ സഹായഹസ്തം. അജ്മാനിൽ വീട്ടുജോലിചെയ്ത് ഉപജീവനത്തിനായി പൊരുതുന്ന ശ്രീലങ്കയിലെ രത്നപുര സ്വദേശിനി ഫസ്ലിയ(30)ക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്. യുവതി അടുത്ത ബന്ധുവിന് ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുന്നതിനായി തന്റെ ചെക്ക് നൽകുകയും അവർ വാടക അടയ്ക്കാത്തതിനാൽ കെട്ടിട ഉടമ ചെക്ക് കേസ് നൽകി.ഇതുമൂലം യാത്രാ വിലക്കുള്ളതിനാൽ അവർക്ക് നാട്ടിലേയ്ക്ക് പോകാൻ സാധിച്ചിരുന്നില്ല. അടയ്ക്കാനുണ്ടായിരുന്ന കെട്ടിട വാടക കുടിശ്ശിക 17,000 ദിർഹം ഉടമകളായ ജീപാസ് 12,000 ദിർഹമാക്കി കുറച്ചു കൊടുത്തു. ജീപാസ് മാനേജർ സെയ്ദ് ബുഖാരിയാണ് ഇതിന് മുൻകൈയെടുത്തത്. കൂടാതെ, സാമൂഹിക പ്രവർത്തക സജ്‌ന, സിറാജുദ്ദീൻ കോളിയാട് എന്നിവർ 6,000 ദിർഹം വീതം നൽകിയതോടെ ഈ തുക അടച്ച് കേസിൽ നിന്ന് മോചനം നേടി.
Source link