പാലക്കാട് മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്‍കാന്‍ അനുമതി കൊടുത്തിട്ടില്ല: റോഷി അഗസ്റ്റിൻ

തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്‍കാന്‍ ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. ഇതുസംബന്ധിച്ച് മുന്‍പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നതിനു കടകവിരുദ്ധമാണു മന്ത്രിയുടെ മറുപടി. മദ്യനിര്‍മാണശാല ആരംഭിക്കാന്‍ ഒയാസിസ് കമ്പനിക്കു പ്രാരംഭ അനുമതി നല്‍കിക്കൊണ്ട് അഡി. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ജനുവരി 16ന് പുറത്തിറക്കിയ ഉത്തരവില്‍ പദ്ധതിക്ക് ആവശ്യമായ വെള്ളം നല്‍കാന്‍ കേരള ജല അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പാലക്കാട് കിന്‍ഫ്ര ജലവിതരണ പദ്ധതിയില്‍നിന്ന് ഒയാസിസ് കമ്പനിക്കു ജലം നല്‍കാന്‍ പാലക്കാട് ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എംഎല്‍എമാര്‍ക്കു നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു. ഒയാസിസ് കമ്പനിക്ക് പൊതുമേഖല എണ്ണ കമ്പനികളുടെ എഥനോള്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ടു ക്ഷണിക്കുന്ന ദര്‍ഘാസിന്റെ ഭാഗമായ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റില്‍ പങ്കെടുക്കുന്നതിനായി ജലലഭ്യത സംബന്ധിച്ച സാധ്യത കിന്‍ഫ്രയ്ക്കു വേണ്ടി നിര്‍മാണം പുരോഗമിച്ചു വരുന്ന വ്യവസായിക ജല വിതരണ പദ്ധതിയിലൂടെ തേടാവുന്നതാണെന്ന കത്ത് മാത്രമാണു സൂപ്രണ്ടിങ് എന്‍ജിനീയര്‍ പാലക്കാട് ഓഫിസില്‍നിന്നു നല്‍കിയത്. 2015ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി കിന്‍ഫ്ര ജലവിതരണ പദ്ധതിയില്‍നിന്നും മദ്യക്കമ്പനിക്കു ജലം നല്‍കാനുള്ള തീരുമാനം ജല അതോറിറ്റി കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Source link