സാമ്പത്തിക സാക്ഷരതയെന്ന ലക്ഷ്യവുമായി റിസർവ് ബാങ്ക്; ലഘുലേഖകൾ വിതരണം ചെയ്യും

സാമ്പത്തിക സാക്ഷരത പ്രദാനം ചെയ്യുക എന്ന ലക്ഷ്യവുമായി റിസർവ് ബാങ്ക്. സാമ്പത്തിക ബോധവത്ക്കരണ സന്ദേശവുമായി പുസ്തക രൂപത്തിൽ അഞ്ചു ലഘുലേഖകൾ വായിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മലയാളത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു സൗജന്യമായി വിതരണം ചെയ്യുന്ന പ്രവർത്തനം തുടങ്ങി. ഗ്രാമപ്രദേശങ്ങളിലെ വായനശാലകളിലെല്ലാം ഈ പുസ്തകങ്ങൾ താമസിയാതെ വായനക്ക് ലഭ്യമാകും. സാമ്പത്തിക ബോധവത്ക്കരണമാണ് ഇതിലെ ഉള്ളടക്കം. സാമ്പത്തിക അവബോധം ഒപ്പം സാമ്പത്തിക തട്ടിപ്പുകാരുടെ പ്രവർത്തന രീതികൾ എന്നിവയെല്ലാം ലഘുലേഖകളിൽ ആകർഷകമായി പ്രതിപാദിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക സാക്ഷരത സംബന്ധിയായ ബുക്ക്ലെറ്റുകൾ എല്ലാ ലൈബ്രറികളിലും വിതരണം ചെയ്യുന്നതിനുള്ള സന്നദ്ധത സംസ്ഥാന ലൈബ്രറി കൗൺസിലിനെ ആർബിഐ അറിയിക്കുകയായിരുന്നു. ഒമ്പതിനായിരം അംഗ ലൈബ്രറികളുള്ള സംസ്ഥാന ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹ സമിതി യോഗം ചേർന്നു ഇതിനു അനുമതിയും നൽകി. മലയാളത്തിൽ ഇതിൻ്റെ അച്ചടി നിർവഹിച്ചവർ പ്രസാധകർക്കുവേണ്ടി ഇതിനകം സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസുകളിലും പുസ്തകക്കെട്ടുകൾ എത്തിച്ചു തുടങ്ങി. അവിടെ നിന്നാണ് അംഗലൈബ്രറികൾക്കുള്ള വിതരണം.
Source link