KERALA

VIDEO | പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കബളിപ്പിച്ച് പതിനേഴായിരത്തോളം രൂപ കവര്‍ന്നു


പാറശ്ശാല: ചില്ലറ ചോദിച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കബളിപ്പിച്ച് പണം കവര്‍ന്നു. പൊഴിയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉച്ചക്കടയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. വെളളിയാഴ്ച വെളുപ്പിന് നാല് മണിയോട് കൂടി ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കള്‍ ബൈക്കില്‍ പെട്രോള്‍ പമ്പിലെത്തി അഞ്ഞൂറ് രൂപക്ക് ചില്ലറ ആവശ്യപ്പെട്ടു. ബൈക്കിന്റെ പിന്നിലിരുന്ന വ്യക്തിയാണ് ബൈക്കില്‍ നിന്നിറങ്ങി ജീവനക്കാരനോട് ചില്ലറ ആവശ്യപ്പെട്ടത്. ഈ സമയം ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബൈക്കുമായി സുരക്ഷിത അകലത്തിലേക്ക് മാറി. പ്ലാമൂട്ടുക്കട സ്വദേശി മണിയെന്ന ജീവനക്കാരന്‍ മാത്രമാണ് ഈ സമയം പമ്പില്‍ ജോലിക്കുണ്ടായിരുന്നത്. ഇദ്ദേഹം ചില്ലറ എടുക്കുന്നതിനായി മേശ തുറന്നതിന് പിന്നാലെ ബൈക്കിന്റെ പിന്നില്‍ ഇരുന്ന വന്ന യുവാവ് മേശക്കുളളിലേക്ക് കൈയ്യിട്ട് അടുക്കി വച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു. ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് പെട്രോള്‍ പമ്പിന് വെളിയിലേക്ക് ഓടി രക്ഷപ്പെട്ടു. ഇയാളോടൊപ്പം പമ്പിലെത്തിയ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ആ സമയം ബൈക്കുമായി പമ്പിന് പുറത്തെത്തുകയും ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. മേശക്കുള്ളില്‍ ഉണ്ടായിരുന്ന പതിനേഴായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ജീവനക്കാരന്‍ പറഞ്ഞു. പമ്പ് ഉടമയുടെ പരാതിയില്‍ പൊഴിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെട്രോള്‍ പമ്പിനുളളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയുവാന്‍ സാധിച്ചിട്ടില്ല. പോലീസ് പ്രദേശത്തെ മറ്റ് സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.


Source link

Related Articles

Back to top button