ഒരാഴ്ച കൊണ്ട് 7 കിലോ കുറയില്ല! ശരീരത്തോട് ക്രൂരത അരുത്, സഹായത്തിന് വിദഗ്ധരുണ്ട്

ശരീരം മെലിഞ്ഞിരിക്കാൻ ഭക്ഷണം ഒഴിവാക്കി ഒടുവിൽ ജീവൻ നഷ്ടമായ പെൺകുട്ടിയുടെ വാർത്തയാണ് സമൂഹമാധ്യമത്തിൽ നിറഞ്ഞിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം അളുകളും. അവരിൽ പലരും വളരെ ചുരുങ്ങിയ സമയം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ പ്രയത്നിക്കുന്നവരും. ഡയറ്റോ വ്യായാമമോ ഇന്ന് തുടങ്ങിയാൽ അടുത്ത ആഴ്ച അതിന്റെ ഫലം കണ്ടുതുടങ്ങണമെന്നാണ് ആഗ്രഹം. എന്നാൽ അത്തരം അപ്രായോഗികമായ കാര്യങ്ങൾ ആരോഗ്യത്തെ സഹായിക്കില്ല. ചെറിയ സമയം കൊണ്ട് ഭാരം കുറയ്ക്കാനായി ഭക്ഷണം ഉപേക്ഷിക്കുകയും അമിതമായി വ്യായാമം ചെയ്യുന്നതുമായ ആളുകളുണ്ട്. സ്വന്തം ശരീരത്തോട് ചെയ്യുന്ന ക്രൂരതയാണ് ഇതെന്ന് പലരും അറിയുന്നില്ല. 5 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം, ഒരാഴ്ച കൊണ്ട് 7 കിലോ കുറയ്ക്കാം തുടങ്ങിയ തലക്കെട്ടോടെ പ്രത്യക്ഷപ്പെടുന്ന വിഡിയോകളിലും പോസ്റ്റുകളിലും അറിയാതെ കണ്ണുടക്കും. അത് സത്യമാണെന്നും അങ്ങനെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഭാരം കുറയ്ക്കാൻ കഴിയുമെന്നും തെറ്റിദ്ധരിച്ച് പല അബദ്ധങ്ങളിലും ചെന്നുചാടുന്നവരുണ്ട്. ആഴ്ചയിൽ അരക്കിലോ മാത്രം കുറയുന്ന രീതിയിലുള്ള ഡയറ്റ്, ഫിറ്റ്നസ്സ് പ്ലാനുകളാണ് ആരോഗ്യകരം. ഭക്ഷണം ഒഴിവാക്കിയാൽ സ്വാഭാവികമായും ഭാരം കുറയും എന്ന ധാരണയിലാണ് പലരും ഇന്റർനെറ്റിലെ ഡയറ്റുകൾ പിന്തുടരുന്നത്. ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം വ്യായാമം കൂടി ചെയ്യുമ്പോഴാണ് ഭാരം കുറയുകയും ശരീരത്തിന് ആരോഗ്യമുണ്ടാവുകയും ചെയ്യുന്നത്. ഉറക്കത്തിനും അത്രതന്നെ പ്രാധാന്യമുണ്ട്. ഇക്കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ചവർക്ക് നല്ല അറിവുണ്ടാകും. അല്ലാത്തവർ സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തെയും ആവശ്യങ്ങളെയും കണക്കിലെടുക്കാതെ പെട്ടെന്ന് റിസൽട്ട് കിട്ടുന്ന ഒരു ഡയറ്റ് പിന്തുടരും. ആ ഡയറ്റ് പ്ലാനിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്നോ തന്റെ ശരീരത്തിന് ഇണങ്ങുന്നതോണോ എന്നോ ശ്രദ്ധിക്കാറില്ല.
Source link