WORLD

‘അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്കു പോലും കേസെടുക്കുന്നു, ഇത് അവസാനിക്കണം’: വിമർശിച്ച് ഹൈക്കോടതി


കൊച്ചി ∙ വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്കു പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. സ്കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ അധ്യാപകന് നോട്ടിസ് നൽകി പ്രാഥമികാന്വേഷണം നടത്തി കേസിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാർഥിയായ തന്റെ മകനെ അധ്യാപകൻ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നൽകിയ ഹർജിയിൽ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനൽ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുൻകൂർ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു. ഇന്നത്തെ കാലത്ത് വിദ്യാർഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. നല്ലത് കരുതി എന്തെങ്കിലും ചെയ്താലും തങ്ങൾക്കെതിരെ ക്രിമിനൽ കേസ് വരും എന്നാണ് അവർ ഭയപ്പെടുന്നത്. മുൻപ് അധ്യാപകര്‍ ഏർപ്പെടുത്തിയിരുന്ന അച്ചടക്ക നടപടികൾ വിദ്യാർഥികളുടെ ഭാവി മികച്ച രീതിയിൽ ഉണ്ടാക്കിയെടുക്കാൻ ഉപകരിച്ചിരുന്നു. ഒരു വിദ്യാർഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ ഒരു അധ്യാപകന് വലിയ പങ്കാണുള്ളത്. ഒരു വിദ്യാർഥി സ്കൂളിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കൾ അധ്യാപകർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുകയാണ്. അധ്യാപകർ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ അവിടെ ക്രിമിനൽ കേസ് പോലുള്ള ഭീഷണികൾ ഉണ്ടാകാൻ പാടില്ല. എന്നാൽ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവർത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാൽ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. 


Source link

Related Articles

Back to top button