അന്ന് വിരാട് കോലി, ഇന്ന് ശുഭ്മൻ ഗിൽ; ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും കിവീസിന്റെ ‘സ്പ്രിങ് മാൻ’, എന്തൊരു ക്യാച്ച്! – വിഡിയോ

ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ അസാമാന്യ ഫീൽഡിങ് പ്രകടനവുമായി ശ്രദ്ധ നേടിയ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്, ഇന്ത്യയ്‌ക്കെതിരായ കലാശപ്പോരിൽ നേടിയ ക്യാച്ചിനും ആരാധകരുടെ കയ്യടി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൂപ്പർതാരം വിരാട് കോലിയെ പുറത്താക്കാനെടുത്ത അസാമാന്യ ക്യാച്ചിനെ അനുസ്മരിപ്പിച്ച്, അതേ വേദിയിലെ കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെയാണ് ഫിലിപ്സ് പറന്നുപിടിച്ചത്. ന്യൂസീലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയെ, ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് സെഞ്ചറി കൂട്ടുകെട്ടുമായി അനായാസ വിജയത്തിലേക്ക് നയിക്കുന്നതിനിടെയായിരുന്നു ഫിലിപ്സിന്റെ ‘അപ്രതീക്ഷിത ഇടപെടൽ’! താരത്തിന്റെ അസാമാന്യ ക്യാച്ചിൽ ശുഭ്മൻ ഗിൽ പുറത്തായതിനു പിന്നാലെ, വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വിക്കറ്റുകൾ നഷ്ടമാക്കി ഇന്ത്യ തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്തു.
Source link