‘ആകാശ് വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിറ്റു’, ഉറവിടം അന്വേഷിക്കാൻ പൊലീസ്; ജാഗ്രതക്കുറവെന്ന് എസ്എഫ്ഐ

കൊച്ചി ∙ കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ എം.ആകാശിനെ റിമാൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശിയായ ആകാശി (21)നെ 14 ദിവസത്തേക്കാണ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ ആകാശ്, എസ്എഫ്ഐ നേതാവും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളെ കോളജ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്കടക്കം ലഹരി മരുന്നു വിൽക്കുന്ന ആളായിരുന്നു ആകാശ് എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. അഭിരാജിനും ആദിത്യനും നേരത്തെ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. സംഭവത്തിൽ കെഎസ്‍യു, എബിവിപി സംഘടനകൾ ഇന്ന് എസ്എഫ്ഐക്കെതിരെ കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു.ഇന്നലെ രാത്രിയാണ് ഡാന്‍സഫ്, പൊലീസ് സംഘങ്ങൾ പെരിയാർ ഹോസ്റ്റൽ റെയ്ഡ് ചെയ്ത് മൂന്നു പേരേയും അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ആകാശിന്റെ മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇതു തൂക്കുന്നതിനുള്ള ത്രാസും ചെറിയ പായ്ക്കറ്റുകളിലാക്കാനുള്ള സംവിധാനവും കണ്ടെടുത്തിരുന്നു. പിന്നീട് അഭിജിത്, ആദർശ് എന്നിവരുടെ മുറിയിൽ നടത്തിയ പരിശോധനയിൽ മേശയുടെ ഡ്രോയ്ക്കുള്ളിൽ നിന്നാണ് 9.70 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് വലിക്കുന്നതിനുള്ള വിവിധ ഉപകരണങ്ങളും മുറിയിൽനിന്നു കണ്ടെടുത്തിരുന്നു.
Source link