‘എന്തൊരഴക്, എന്തൊരു ഭംഗി…’; രോഹിത്തിന്റെ ‘പകരക്കാരനായി’ കളത്തിലേക്ക്, 3 വമ്പൻ വിക്കറ്റുകൾ; ഒടുവിൽ തോളിൽത്തട്ടി ധോണിയുടെ സ്നേഹം– വിഡിയോ

ചെന്നൈ∙ വിഘ്നേഷ് പുത്തൂരിന് ഇതുപോലൊരു ഐപിഎൽ അരങ്ങേറ്റം സ്വപ്നങ്ങളിൽ മാത്രം! രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂർ നേടിയതു ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വിലപ്പെട്ട വിക്കറ്റുകളാണ്. ചൈനാമാൻ ബോളറായ വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ വീണത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങി.4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ്. ആദ്യ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു വിഘ്നേഷ്. താരത്തിന്റെ അവസാന ഓവറിൽ രചിൻ രവീന്ദ്ര രണ്ടു സിക്സുകൾ ഉൾപ്പെടെ 15 റൺസ് അടിച്ചതോടെയാണ് നാല് ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എന്ന നിലയിലേക്ക് നമ്പറുകൾ മാറിയത്. മത്സരം ചെന്നൈ ജയിച്ചെങ്കിലും കളിയിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഇരുപത്തിനാലുകാരൻ വിഘ്നേഷിന്റേത്.
Source link