എല്ലാം തീരുമാനിക്കുന്നത് ഇന്ത്യയാണ്, ഐസിസിയെന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്: വിമർശിച്ച് വെസ്റ്റിൻഡീസ് മുൻ താരം

ദുബായ്∙ ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്റ് അവസാനിച്ചിട്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) ഇന്ത്യയ്ക്കുമെതിരായ വിമർശനങ്ങൾ തുടരുന്നു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തിയതിന് ആഞ്ഞടിക്കുകയാണ് വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരമായിരുന്ന ആൻഡി റോബർട്ട്സ്. എല്ലാ കാര്യങ്ങൾക്കും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന ഐസിസിയെ ‘ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്’ എന്നാണു വിളിക്കേണ്ടതെന്നും മുൻ വെസ്റ്റിൻഡീസ് താരം ഒരു രാജ്യാന്തര മാധ്യമത്തോടു സംസാരിക്കവെ തുറന്നടിച്ചു.ചാംപ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ഒരു വേദിയിൽ നടത്തിയതിന് വൻ വിമർശനങ്ങളാണ് ഐസിസിക്കു നേരിടേണ്ടിവന്നത്. ഇന്ത്യ ഫൈനലിലേക്കും പിന്നീടു കിരീടനേട്ടത്തിലുമെത്തിയതോടെ ഗ്രൗണ്ടിന്റെ ആനൂകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചതായി വിമർശനം കടുത്തു. ചാംപ്യൻസ് ട്രോഫിയുടെ സമ്മാനദാനത്തിന് ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധികൾ ഇല്ലാത്തതും വിവാദമായിരുന്നു. ഐസിസി ചില കാര്യങ്ങളിലെങ്കിലും ഇന്ത്യയോടു പറ്റില്ലെന്നു പറയണമെന്നു ആൻഡി റോബർട്സ് വ്യക്തമാക്കി.
Source link