‘ജപ്തിഭീഷണി; അനിത തിരിച്ചുചെല്ലുമ്പോള്‍ വീടില്ല, വീട്ടിൽ ഒരാൾക്ക് കാൻസർ’; ജീവിതയാഥാർഥ്യങ്ങളിൽ ഉരുകി ആശമാർ, സമരം 50ാം ദിനത്തിൽ

തിരുവനന്തപുരം ∙ ‘‘സ്ത്രീകളെ സംബന്ധിച്ച്, മുടി മുറിച്ച് പ്രതിഷേധിക്കുക എന്നത് കുറച്ചു കടന്ന ഒരു സമരരീതിയാണ്. മുടി ഒരു സ്ത്രീക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. ന്യായമായ ആവശ്യം നേടിയെടുക്കാന്‍ മുടി പോലും ആശമാര്‍ക്കു നഷ്ടപ്പെടുത്തേണ്ടിവരുന്നു എന്നത് ഈ സര്‍ക്കാര്‍ ഏറ്റവും ലജ്ജിക്കേണ്ടുന്ന ഒരു ഘട്ടമാണ്. പക്ഷേ അത്തരത്തില്‍ ഒരു സമരം പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു പോലും വിളിക്കാതെ മുഖം തിരിച്ചു നില്‍ക്കുകയാണ്.’’ – സെക്രട്ടേറിയറ്റിനു മുന്നിലെ സമരം 50 ദിവസത്തില്‍ എത്തുമ്പോള്‍ കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദുവിന്റെ വാക്കുകളാണിത്. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ ആശമാര്‍ മുറിച്ചിടുന്ന മുടിച്ചുരുളുകള്‍ ഭരണകൂടത്തെ കൂടുതല്‍ അസ്വസ്ഥരാക്കുമെന്ന ആത്മവിശ്വാസമാണ് സമരക്കാര്‍ക്കുള്ളത്. സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടോടെ സമീപിച്ച് ഫലപ്രദമായ ചര്‍ച്ചകളിലൂടെ എന്നേ അവസാനിപ്പിക്കേണ്ടിയിരുന്ന സമരത്തെ ഇത്തരമൊരു ഘട്ടം വരെ എത്തിച്ചതെന്നും നിരാലംബരായ സ്ത്രീകള്‍ എന്തൊക്കെ കഷ്ടതകള്‍ അനുഭവിച്ചാണ് ഓരോ ദിവസവും അവകാശപ്പോരാട്ടം നടത്തുന്നതെന്നും ബിന്ദു മനോരമ ഓണ്‍ലൈനിനോടു മനസ്സു തുറന്നു.ആശമാരുടെ തീക്ഷ്ണ ജീവിതയാഥാര്‍ഥ്യങ്ങള്‍ തുച്ഛമായ വേതനവര്‍ധന ആവശ്യപ്പെട്ട് ദിവസങ്ങളായി സമരത്തിന് എത്തുന്ന ഓരോ സ്ത്രീയുടെയും ജീവിതാനുഭവങ്ങള്‍ തീക്ഷ്ണമാണ്. സമരമുഖത്തുള്ള കൊല്ലം സ്വദേശിയായ ഒരു ആശയുടെ മകന്‍ അപകടത്തില്‍ നട്ടെല്ലിനു പരുക്കേറ്റ് തളര്‍ന്ന നിലയിലാണ്. ആ മോനെ രാവിലെ കുളിപ്പിച്ചു കിടത്തി ഭക്ഷണം വാരിക്കൊടുത്തിട്ടാണ് അവര്‍ മിക്ക ദിവസവും ഇവിടെ സമരത്തിന് എത്തുന്നത്. ഇപ്പോള്‍ നിരാഹാരം കിടക്കാന്‍ പോകുന്ന ആശയുടെ ഭര്‍ത്താവിന് വൃക്കയ്ക്കു തകരാറാണ്. ആശുപത്രിയില്‍ കൊണ്ടുപോയി ഡയാലിസിസ് ചെയ്ത് തിരികെ വീട്ടിലെത്തിച്ചിട്ടാണ് അവര്‍ ദിവസവും ഇവിടെ വരുന്നത്. അവരുടെ അമ്മയ്ക്ക് കാന്‍സറാണ്. അത്തരത്തില്‍ ഹൃദയഭേദകമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണു സമരമുഖത്തുള്ളത്. ഓരോരുത്തരുടെയും ജീവിതം ഓരോ പുസ്തകമാക്കാന്‍ കഴിയുന്ന തരത്തിലുള്ള സംഭവങ്ങളാണ്. കഴിഞ്ഞ ദിവസം നിരാഹാരം കിടന്ന ഒരു ആശയുടെ ഭര്‍ത്താവ് മരിച്ചിട്ട് എട്ടു വര്‍ഷമായി. മകള്‍ക്ക് ഒരു കുഞ്ഞു കുട്ടിയുണ്ട്. മകള്‍ ട്യൂഷനെടുക്കാന്‍ പോകുമ്പോള്‍ കുട്ടിയെ നോക്കേണ്ടത് അവരാണ്. ഇതൊക്കെ മറികടന്നാണ് അവര്‍ വരുന്നത്. ഒടുവില്‍ ക്ഷീണിതയായി ആശുപത്രിയിലേക്കു മാറ്റി. പക്ഷെ അവിടെ കിടക്കാന്‍ പറ്റുന്നില്ലെന്നു പറഞ്ഞ് ഇന്നു വീണ്ടും അവര്‍ സമരപ്പന്തലില്‍ എത്തി. ഇപ്പോള്‍ നിരാഹാരം കിടക്കുന്ന അനിത തിരിച്ചുചെല്ലുമ്പോള്‍ വീടില്ല. ജപ്തിഭീഷണിയിലാണ്. അതു സംബന്ധിച്ച് വാര്‍ത്ത വന്നപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭ പണം നല്‍കിയാണ് കടം ഒഴിവാക്കിയത്. കുടുംബത്തില്‍ ഒരാള്‍ക്കു കാന്‍സറാണ്. ഇത്തരം സമ്മര്‍ദങ്ങള്‍ക്കിടയിലാണ് സമരത്തില്‍നിന്നു പിന്മാറണമെന്നു പറഞ്ഞ് ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥര്‍ മാനസികമായി, ക്രൂരമായി പീഡിപ്പിക്കുന്നത്.
Source link