തോറ്റത് പോട്ടെ, റെക്കോർഡ് ഫിഫ്റ്റിയുമായി കിവീസിനെ ജയിപ്പിച്ചത് ‘പാക്കിസ്ഥാൻകാരൻ’ മുഹമ്മദ് അബ്ബാസ്; കിവീസിൽ പാക്കിസ്ഥാന് ‘വേദന’– വിഡിയോ

നേപ്പിയർ∙ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര 4–1ന് കൈവിട്ടതിനു പിന്നാലെ, ഏകദിന പരമ്പരയിലും തോൽവിയോടെ തുടക്കമിട്ട പാക്കിസ്ഥാൻ ടീമിന് തിരിച്ചടിയായി ‘സ്വന്തം നാട്ടുകാരന്റെ’ പ്രകടനം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തപ്പോൾ, അതിൽ റെക്കോർഡിന്റെ അകമ്പടിയുള്ള അർധസെഞ്ചറിയുമായി തിളങ്ങിയത് പാക്കിസ്ഥാനിൽ വേരുകളുള്ള ഒരു യുവതാരമാണ്. ന്യൂസീലൻഡ് ജഴ്സിയിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച പാക്കിസ്ഥാൻ വംശജനായ മുഹമ്മദ് അബ്ബാസ്.24 പന്തിൽനിന്ന് അർധസെഞ്ചറി തികച്ച് അരങ്ങേറ്റം ഗംഭീരമാക്കിയ മുഹമ്മദ് അബ്ബാസ്, അരങ്ങേറ്റ താരത്തിന്റെ വേഗമേറിയ അർധസെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. മുഹമ്മദ് അബ്ബാസിന്റെ അതിവേഗ ബാറ്റിങ്ങിൽ തകർന്നത് ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയുടെ റെക്കോർഡ്. 2021ൽ അരങ്ങേറ്റ മത്സരത്തിൽ 26 പന്തിൽ അർധസെഞ്ചറി നേടിയാണ് ക്രുനാൽ പാണ്ഡ്യ റെക്കോർഡ് സ്ഥാപിച്ചത്.
Source link