നായകനായി തിളങ്ങിയ ജന്റില്‍മാന്‍; പ്രേംനസീർ പറഞ്ഞു 'അടുത്ത പടത്തില്‍ ഇവന്‍ അനിയൻ'; 'ഉല്ലാസയാത്ര' കഴിഞ്ഞ് രവി മടങ്ങി

കുട്ടിക്കാലം മുതൽ ഷൂട്ടിങ് സെറ്റുകളില്‍ കയറിയിറങ്ങി നടന്ന രവികുമാറിന് സിനിമാലോകം അന്യമായിരുന്നില്ല. സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് രവികുമാറിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കെ.എം.കെ.മേനോന്‍ തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു. മേനോൻ പണമിറക്കി രവികുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഉല്ലാസയാത്രയിലൂടെയാണ് രവികുമാർ സിനിമയില്‍ സജീവമാകുന്നത്. നിര്‍മ്മാണം രവികുമാര്‍ എന്നായിരുന്നു ടൈറ്റില്‍ ക്രെഡിറ്റ്. ഈ കണക്കില്‍ 2025 ല്‍ 50 വര്‍ഷം തികയുമ്പോഴാണ് രവികുമാര്‍ മലയാള ചലച്ചിത്ര രംഗത്തു നിന്നും വിടപറയുന്നത്. 1975 ല്‍ ഉല്ലാസയാത്ര നിർമ്മിക്കുമ്പോൾ രവിക്ക് 20 വയസ്സ് തികഞ്ഞിരുന്നില്ല. ജയന്‍ ആദ്യമായി ശ്രദ്ധേയ വേഷത്തിലെത്തിയ സിനിമയില്‍ രവിയും അഭിനയിച്ചു. മുന്‍പ് പി.ഭാസ്‌കരന്റെ ലക്ഷപ്രഭു എന്ന പടത്തില്‍ ബാലതാരമായും അദ്ദേഹം മുഖം കാട്ടിയിരുന്നു. അന്നു രവിക്ക് പ്രായം 13 വയസ്സ്.
∙ അവളുടെ രാവുകളിലും നീലത്താമരയിലും നായകന്‍
ഇരുപതാമത്തെ വയസ്സിൽ നിർമ്മാതാവായെങ്കിലും അഭിനയവും രവികുമാറിനു മോഹാവേശമായി കൂടെയുണ്ടായിരുന്നു. അതായിരിക്കും തന്റെ തലയില്‍ എഴുതിയിരിക്കുന്നതെന്നാണ് പില്‍ക്കാലത്ത് നടനായപ്പോള്‍ രവികുമാര്‍ സ്വയം വിശേഷിപ്പിച്ചത്. ഐ.വി.ശശിയുമായി ഒത്തു ചേര്‍ന്നതോടെയാണ് രവിയുടെ കാലം തെളിയുന്നത്. അവളുടെ രാവുകള്‍ക്ക് മുന്‍പ് ശശി ഒരുക്കിയ സിനിമകളിലും രവി അഭിനയിച്ചിരുന്നു. പ്രേംനസീറും കമല്‍ഹാസനുമൊപ്പം ചെറിയ വേഷങ്ങളിലും പിന്നീട് പ്രധാന വേഷങ്ങളിലും വന്ന രവികുമാര്‍ 1978 ല്‍ അവളുടെ രാവുകളില്‍ എത്തിയപ്പോള്‍ അവസ്ഥ മാറി മറിഞ്ഞു.
Source link