പതിരാനയുടെ പന്ത് കോലിയുടെ ഹെൽമറ്റിൽ ഇടിച്ചു, തൊട്ടുപിന്നാലെ വമ്പൻ സിക്സറുമായി മറുപടി– വിഡിയോ

ചെന്നൈ∙ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ ഹെൽമറ്റിൽ പന്തിടിച്ചതിനു പിന്നാലെ സിക്സർ പറത്തി സൂപ്പർ താരം വിരാട് കോലിയുടെ മറുപടി. മത്സരത്തിൽ 30 പന്തുകൾ നേരിട്ട കോടി 31 റൺസെടുത്താണു പുറത്തായത്. ആർസിബി ഇന്നിങ്സിന്റെ 11–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ശ്രീലങ്കൻ പേസർ മതീഷ പതിരാനയുടെ ബൗണ്‍സർ കോലി അടിക്കാൻ നോക്കിയെങ്കിലും താരത്തിന്റെ ഹെൽമറ്റിലാണ് അതു പതിച്ചത്. ഉടൻ തന്നെ മെഡിക്കൽ സംഘമെത്തി കോലിക്കു പരുക്കുകൾ എന്തെങ്കിലുമുണ്ടോയെന്നു പരിശോധിച്ചു.എന്നാൽ തൊട്ടടുത്ത പന്ത് സിക്സർ പറത്തിയാണ് കോലി പതിരാനയ്ക്കു മറുപടി നൽകിയത്. പതിരാനയുടെ ഷോർട്ട് ബോളിൽ പുൾ ഷോട്ട് കളിച്ച കോലി, ഫൈന്‍ ലെഗിലൂടെ ബൗണ്ടറി കടത്തി. ഇതേ ഓവറിലെ മൂന്നാം പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ ചിപ് ചെയ്ത് കോലി മറ്റൊരു ബൗണ്ടറിയും പായിച്ചു. 22 പന്തുകളിൽ 16 റൺസ് മാത്രം എടുത്ത് ബുദ്ധിമുട്ടിയിരുന്ന കോലി ബാറ്റിങ് ശൈലി മാറ്റിയത് ഈ ഓവറോടെയായിരുന്നു. പക്ഷേ രണ്ടോവറുകൾ കൂടി മാത്രമാണു കോലി ബാറ്റിങ് തുടർന്നത്.
Source link