പര്‍ദ്ദ പോലുള്ള വേഷം ധരിച്ചു, മുഖം മറച്ചു; ലക്ഷ്യം വെച്ചത് ഫെബിന്റെ സഹോദരിയെ

കൊല്ലം: തിങ്കളാഴ്ച രാത്രി കൊല്ലം നഗരം അക്ഷരാര്‍ഥത്തില്‍ നടുങ്ങി. നഗരത്തിനടുത്ത് ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ഥിയെ വീടുകയറി കുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിനാണ് മരിച്ചത്. അച്ഛന്‍ കുത്തേറ്റ് ആശുപത്രിയിലായെന്നും കേട്ടു. ഇതിനു പിന്നാലെയാണ് നഗരത്തിനടുത്ത് ചെമ്മാന്‍മുക്കില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയെത്തുന്നത്. അല്പനേരം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിയുടെ കൊലയാളിയെന്നു കരുതുന്നയാളാണ് മരിച്ചതെന്ന് പോലീസ് മനസ്സിലാക്കി. പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ കണ്ട ചോര സൂചനയായി.തുടരന്വേഷണത്തിലാണ് പകയുടെ കഥ ചുരുളഴിഞ്ഞത്. കൊലപാതകത്തിന് തിരഞ്ഞെടുത്ത രീതിയും നടുക്കുന്നതായിരുന്നു. പര്‍ദ്ദപോലെ തോന്നുന്ന കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതി വീട്ടിലേക്ക് കയറിവന്നത്. കൈയില്‍ പെട്രോളും കരുതിയിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഇറങ്ങി നോക്കിയപ്പോള്‍ ഫെബിന്റെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്ന് അയല്‍വാസിയായ ബി.ആര്‍. നായര്‍ പറഞ്ഞു. കുത്തുകൊണ്ട് ഫെബിന്‍ റോഡിലേക്ക് ഓടിവന്നു വീണപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ഒരുമണിക്കൂറിനുള്ളില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയും വന്നു. പിന്നീട് ഈ രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടെന്നു വന്നതോടെ പരിസരവാസികളും നഗരവും ഞെട്ടി.
Source link