ഭൂമിയുടെ പേരിൽ തർക്കം, ഹോളി ആഘോഷത്തിനിടെ വെടിവയ്പ്; ബിജെപി നേതാവ് കൊല്ലപ്പെട്ടു–വിഡിയോ

ഹരിയാന∙ കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും ഒപ്പം ഹോളി ആഘോഷിക്കുന്നതിനിടെ ഹരിയാനയിലെ ബിജെപി നേതാവ് സുരേന്ദ്ര ജവഹർ വെടിയേറ്റു മരിച്ചു. ഭൂമി തർക്കത്തെ തുടർന്നുണ്ടായ പകയാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പ്രതിയും സുരേന്ദ്ര ജവഹറും തമ്മിൽ വൈകുന്നേരം ഭൂമിയെ ചൊല്ലി വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് അക്രമാസക്തനായ പ്രതി ആഘോഷത്തിനിടയിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. അക്രമിയിൽ നിന്ന് രക്ഷ നേടാൻ തൊട്ടടുത്തുള്ള കടയിലേക്ക് സുരേന്ദ്ര ജവഹർ ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ പ്രതി ആക്രമിച്ച് കീഴ്‌പ്പെടുത്തി. മൂന്ന് വെടിയുണ്ടകൾ ശരീരത്തിലേക്ക് തുളച്ചുകയറിയതോടെ സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം ഭഗത് പൂൽ സിങ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
Source link