‘വഖഫ് ബില്‍ ലക്ഷക്കണക്കിന് മുസ്ലിം അനുയായികളെ വേദനിപ്പിച്ചു’; രണ്ട് ജെ.ഡി.യു നേതാക്കൾ രാജിവച്ചു

പട്‌ന: കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ബില്ലിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജെഡിയു നേതാക്കളായ മുഹമ്മദ് ഖാസിം അന്‍സാരിയും മുഹമ്മദ് അഷ്‌റഫ് അന്‍സാരിയും പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു. കേന്ദ്രസർക്കാർ വഖഫിനെതിരായ നിലപാട് കൈക്കൊണ്ടത് തങ്ങളെ നിരാശപ്പെടുത്തിയെന്നും ജെഡിയും ഉയര്‍ത്തിപ്പിടിച്ച തത്വങ്ങള്‍ക്കെതിരായാണ് വഖഫ് ബില്‍ വര്‍ത്തിച്ചതെന്നും ഇവര്‍ പറഞ്ഞു. ‘ശുദ്ധ മതേതരത്വ ആശയങ്ങളുടെ പതാകാവാഹകനാണ് നിതീഷ് കുമാര്‍ എന്നായിരുന്നു ലക്ഷക്കണക്കിന് ഇന്ത്യന്‍ മുസ്ലിങ്ങളുടെ ഉറച്ചവിശ്വാസം. പക്ഷേ ആ വിശ്വാസം ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. അര്‍പ്പണമനോഭാവമുള്ള ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് മുസ്ലിങ്ങളും തൊഴിലാളികളും ജെഡിയുവിന്റെ ഇപ്പോഴത്തെ നിലപാടില്‍ ആഴത്തില്‍ മുറിവേറ്റിരിക്കുകയാണ്. ബില്ലിനെ പിന്താങ്ങിക്കൊണ്ട് ലാലന്‍ സിങ് (രാജീവ് രഞ്ജന്‍) ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ രീതിയും ശൈലിയും ഞങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി. വഖഫ് ബില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരാണ്.’- ജെഡിയു ന്യൂനപക്ഷവിഭാഗത്തിന്റെ നേതാവ് മുഹമ്മദ് അഷ്‌റഫ് അന്‍സാരി തന്റെ രാജിക്കത്തില്‍ പരാമര്‍ശിച്ചു.
Source link