വീണ്ടും അതേ പിഴവ്, വിക്കറ്റിനു പിന്നിൽ നിൽക്കാൻ മറന്ന് കുൽദീപ്; ശകാരിച്ച് രോഹിത്, കോലിക്ക് രോഷം- വിഡിയോ

ദുബായ്∙ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ സംഭവിച്ച അതേ പിഴവ് ചാംപ്യൻസ് ട്രോഫി ഫൈനലിലും ആവർത്തിച്ച് ഇന്ത്യൻ താരം കുൽദീപ് യാദവ്. മത്സരത്തിൽ ന്യൂസീലൻഡ് ഇന്നിങ്സിനിടെ 41–ാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ പന്തിൽ മിച്ചൽ ബ്രേസ്വെൽ അതിവേഗം ഒരു സിംഗിളിനു ശ്രമിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ജഡേജ പന്തെടുത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ വിക്കറ്റു ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റി. ഈ സമയത്ത് വിക്കറ്റിനു പിന്നിൽ നിൽക്കാതിരുന്നതിനാണു കുൽദീപിനെ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് കണക്കിനു പറഞ്ഞത്.ഓവർ എറിഞ്ഞു പൂർത്തിയായ ശേഷം കുൽദീപിനെ ഇന്ത്യൻ ക്യാപ്റ്റൻ ശകാരിക്കുകയും ചെയ്തു. ‘‘എന്താണു വിക്കറ്റിനു പിന്നിൽ നിൽക്കാത്തത്?’’ എന്ന് രോഹിത് ശർമ കുൽദീപിനോടു ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ റൺഔട്ടാണ് കുൽദീപിന്റെ സമാനരീതിയിലുള്ള പിഴവിൽ ഇന്ത്യയ്ക്കു നഷ്ടമായത്.
Source link