സൈന്യത്തിനായി 156 ഹൈലികോപ്റ്ററുകൾ; ഡ്രോണുകൾ ആക്രമിക്കാൻ ശേഷി, മിസൈലുകൾ വഹിക്കും

ന്യൂഡൽഹി∙ സൈന്യത്തിനായി 156 ഹൈലികോപ്റ്ററുകൾ വാങ്ങാൻ കേന്ദ്ര മന്ത്രിസഭ ഉടൻ അനുമതി നൽകിയേക്കും. കരസേനയ്ക്കും വ്യോമസേനയ്ക്കുമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എൽഎൽ) നിന്നാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യയിൽ വികസിപ്പിച്ച ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. 45,000 കോടി രൂപയുടെതാണ് ഇടപാട്. ചൈന, പാകിസ്ഥാൻ അതിർത്തിയിലെ പ്രവർത്തനങ്ങൾക്കായാണു ഹൈലികോപ്റ്ററുകൾ വാങ്ങുന്നതെന്നു പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ടു ചെയ്തു.എച്ച്എഎല്ലിന് കഴിഞ്ഞ വർഷം ജൂണിലാണ് ടെൻഡർ ലഭിച്ചത്. 156 ഹെലികോപ്റ്ററുകളിൽ 90എണ്ണം കരസേനയ്ക്കും 66 എണ്ണം വ്യോമസേനയ്ക്കുമാണ്. 5,000 മീറ്റർ ഉയരത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ശേഷിയുള്ള ലോകത്തിലെ ഏക അറ്റാക് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. കിഴക്കൻ ലഡാക്കിലും സിയാച്ചിനിലും ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ കഴിയും. ആധുനിക മിസൈലുകൾ വഹിക്കാനും ടാങ്കുകൾ ഡ്രോണുകൾ എന്നിവയെ ആക്രമിക്കാനും ശേഷിയുണ്ട്. വിവിധ പരീക്ഷണങ്ങൾക്കുശേഷമാണ് ഹെലികോപ്റ്ററുകളെ സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങുന്നത്. 15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകും.
Source link