സ്ത്രീ എന്ന വ്യാജേനെ യുവതികളെ പരിചയപ്പെടും, പിന്നാലെ വ്യാജ നഗ്ന ചിത്രങ്ങൾ; യുവാവ് അറസ്റ്റിൽ

കോഴിക്കോട് ∙ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സ്ത്രീകളുടെ വ്യാജ വിഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ മാറാഞ്ചേരി വെള്ളത്തിങ്കൽ സ്വദേശി മുഹമ്മദ് ഫുവാദിനെ (32) ആണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവതിയെ മറ്റൊരു സ്ത്രീയുടെ വ്യാജ അക്കൗണ്ടിലൂടെ ഫുവാദ് പരിചയപ്പെട്ടിരുന്നു. തുടർന്ന് യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ നഗ്ന ചിത്രങ്ങൾ നിർമിക്കുകയും ഇത് യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയുടെ പക്കൽനിന്നു ഒട്ടേറെ ഫോണുകളും സിം കാർഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഒട്ടേറെ പെൺകുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയതിന്റെ തെളിവുകളും പ്രതിയുടെ ഫോണിൽനിന്നു പൊലീസിന് ലഭിച്ചു. വിവധ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഖത്തറിൽ ഡ്രൈവർ ആയിരുന്ന പ്രതി ഒരുവർഷം മുൻപാണ് നാട്ടിലെത്തിയത്. ഗൾഫിലെ വിവിധ നമ്പറുകൾ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്. പ്രതിയുടെ ജീവനോടെയില്ലാത്ത ഉമ്മയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി സ്ത്രീ ആണെന്ന വ്യാജേനയാണ് ഇയാൾ യുവതികളെ പരിചയപ്പെട്ടിരുന്നത്. തുടർന്ന് അവരെ വിഡിയോ കോളിലേക്ക് ക്ഷണിക്കും. വിഡിയോ കോൾ എടുക്കുന്ന സമയം പ്രതി സ്വയം നഗ്നത പ്രദർശനം നടത്തി അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ് രീതി.
Source link