സ്വരാജും റിയാസും 4 വർഷത്തിനുള്ളിൽ, 40 വർഷമായിട്ടും വിജയകുമാറില്ല; സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്താനുള്ള മാനദണ്ഡം മൂപ്പോ മികവോ?

തിരുവനന്തപുരം ∙ സംസ്ഥാന കമ്മിറ്റിയിൽ സീനിയോറിറ്റിയുണ്ടായിട്ടും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതെ പോയതിലെ നിരാശയിലാണു സിപിഎമ്മിലെ പ്രമുഖരുടെ നിര. സീനിയോറിറ്റിയല്ല, സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിക്കാനുള്ള മികവാണു സെക്രട്ടേറിയറ്റ് രൂപീകരണത്തിൽ കണക്കിലെടുക്കാറുള്ളതെന്നാണു പാർട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാൽ, കമ്മിറ്റിയിലെ സീനിയോറിറ്റി ചില ഘട്ടത്തിൽ മാനദണ്ഡമാക്കാറുമുണ്ട്. ഓരോ ഘട്ടത്തിൽ ഓരോരുത്തരെ ഉൾപ്പെടുത്താനായി മാനദണ്ഡങ്ങൾ അടിക്കടി മാറ്റുന്നുവെന്ന വിമർശനം അടുത്തകാലത്തായി പാർട്ടിയിലുണ്ട്. നിലവിലെ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ, ഏറ്റവുമധികം കാലം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നശേഷം സെക്രട്ടേറിയറ്റിലെത്തിയതു കെ.കെ.ജയചന്ദ്രനും എം.വി.ജയരാജനുമാണ്– 27 വർഷം. ഏറ്റവും കുറഞ്ഞകാലത്തെ സംസ്ഥാന കമ്മിറ്റിയംഗത്വംകൊണ്ടു സെക്രട്ടേറിയറ്റിൽ എത്തപ്പെട്ടത് എം.സ്വരാജും മുഹമ്മദ് റിയാസും– 4 വർഷം. പിണറായിയും തോമസ് ഐസക്കും 11 വർഷത്തെ സംസ്ഥാന കമ്മിറ്റിയംഗത്വത്തിനുശേഷം സെക്രട്ടേറിയറ്റിലെത്തി. തഴയപ്പെട്ട പ്രമുഖരിൽ എം.വിജയകുമാറും (40 വർഷം), പി.ജയരാജൻ, ജെ.മെഴ്സിക്കുട്ടിയമ്മ (27 വർഷം) എന്നിവരും കൂടുതൽ കാലമായി സംസ്ഥാന കമ്മിറ്റിയിൽ തുടരുന്നവരാണ്. പ്രായപരിധി: ഒഴിവാക്കപ്പെട്ടവരുടെ കാര്യം ചർച്ച ചെയ്ത് സിപിഎം പിബി ന്യൂഡൽഹി ∙ പ്രായപരിധി മാനദണ്ഡത്തെ തുടർന്നു പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെടുന്നവരുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കണമെന്നതു സംബന്ധിച്ച രൂപരേഖ സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) തയാറാക്കുന്നു. ഇന്നലെ ആരംഭിച്ച പിബി യോഗത്തിൽ ഇതിന്റെ കരടുരൂപം ചർച്ച ചെയ്തെന്നാണു വിവരം. ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച് അന്തിമമാക്കുമെന്നും പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു.
Source link