KERALA

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു


കൊച്ചി: ആലപ്പുഴ ഹെബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കേസില്‍ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്ന് പേടിയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു നടന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അതേസമയം, ഹര്‍ജി പരിഗണിക്കവേ എക്‌സൈസിനോട് ഹൈക്കോടതി വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലാകുന്നപക്ഷം പ്രധാനവേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങാനിടയുണ്ടെന്നും നടന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസിലെ പ്രതി തസ്ലിമാ സുല്‍ത്താന തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറഞ്ഞു. തസ്ലിമാ സുല്‍ത്താന തന്നെ വിളിച്ചിരുന്നു. ക്രിസ്റ്റീന എന്ന പേരില്‍ ആരാധികയാണെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാല്‍ സംഭാഷണത്തിനിടയില്‍ കഞ്ചാവ് വേണോയെന്ന് ചോദിച്ചു. കളിയാക്കുന്നതാണെന്ന് കരുതി കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. പ്രതിക്ക് ചാറ്റ് വഴി യാതൊരു മറുപടിയും നല്‍കിയിട്ടില്ല. താന്‍ അറിയപ്പെടുന്നൊരു സിനിമ നടനാണ്. അതുകൊണ്ട് തന്നെ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അവകാശപ്പെട്ടിരുന്നു.


Source link

Related Articles

Back to top button