WORLD

2 കോഴിക്ക് വാടക അരലക്ഷം! മുട്ടയൊന്നിന് 70 രൂപ! ട്രംപിനെയും ‘പൊരിച്ച്’ മുട്ടവില; തട്ടാൻ കൊള്ളസംഘവും! ‘എല്ലാറ്റിനും കാരണം ബൈഡൻ’


ഇന്ന് എപ്പോഴെങ്കിലും ഒരു മുട്ട കഴിച്ചിരുന്നോ? എങ്കിൽ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങൾ സമ്പന്നനും അതിലേറെ ഭാഗ്യവാനുമാണ്. കാരണം അവിടെ കയ്യിൽ കാശുള്ളവർക്കു പോലും ഇപ്പോൾ കോഴിമുട്ട കിട്ടാത്ത അവസ്ഥയാണ്. മുട്ടയ്ക്കു യുഎസിൽ വലിയ ക്ഷാമമാണ്. രണ്ടാം തവണ പ്രസിഡന്റായുള്ള സ്ഥാനാരോഹണം മുതൽ ഇറക്കുമതി തീരുവ ഉയര്‍ത്തിയും അനധികൃത കുടിയേറ്റക്കാരെ വിലങ്ങിട്ടു നാടുകടത്തിയും ലോകരാജ്യങ്ങളെ വിരട്ടിയ ഡോണൾഡ് ട്രംപിന് സ്വന്തം നാട്ടിൽ മുട്ടയിൽ ഇങ്ങനെയൊരു പണി കിട്ടുമെന്നു ആരും കരുതിയിട്ടുമുണ്ടാവില്ല. എന്നാൽ അവിടെയും തനി രാഷ്ട്രീയക്കാരനാണ് ട്രംപ്, മുട്ടക്ഷാമത്തിന്റെ ഉത്തരവാദിത്തം മുഴുവനായി മുൻ പ്രസിഡന്റിന്റെ തലയില്‍ വച്ചുകെട്ടി. സ്ഥാനമേറ്റ ശേഷം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് യുഎസ് പ്രസിഡന്റ് രാജ്യത്തെ മുട്ട ക്ഷാമത്തിന്റെ കാരണക്കാരനായി ജോ ബൈഡനെ ‘പൊരിച്ചത്’.
അതിനിടെ ഈസ്റ്ററും എത്തുകയാണ്. മുട്ടയ്ക്ക് ഏറെ ആവശ്യമുള്ള സമയം. എന്തു ചെയ്യും എന്ന ചോദ്യം ട്രംപിനു നേരെ വന്നപ്പോൾ ‘മുട്ടവിലയെപ്പറ്റി മിണ്ടിപ്പോകരുത്’ എന്നായിരുന്നു ട്രംപ് പൊട്ടിത്തെറിച്ചത്. മുട്ട ക്ഷാമം നേരിടാൻ അതിനിടെ പല വഴികളാണ് ഭരണകൂടവും ജനങ്ങളും തേടുന്നത്. ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം എന്ന പോലെ ഈ ക്ഷാമത്തെ ബിസിനസ് അവസരമാക്കി മാറ്റുന്നവരും ഉണ്ട്. ഇറക്കുമതി, റേഷനിങ്, കള്ളക്കടത്ത് ഇതൊന്നും പോരാതെ മുട്ടക്കോഴിയെ വാടകയ്ക്ക് നൽകുന്ന കച്ചവടം വരെ യുഎസിൽ പൊടിപൊടിക്കുന്നു. ലോകത്തെ ഒന്നാം നമ്പർ സമ്പന്നരാജ്യത്തിൽ എന്തുകൊണ്ടാണ് മുട്ടയ്ക്ക് ഇത്രയും ക്ഷാമം?


Source link

Related Articles

Back to top button