മനസ്സുവായിക്കും എ. ഐ മാന്ത്രികൻ

നമ്മൾ ഒരാളുടെ പേര് മനസ്സിൽ വിചാരിക്കണം. കൂടെയുള്ളയാൾ നമ്മളോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കും. നമ്മളതിന് മറുപടി പറയും. അങ്ങനെ, ചോദ്യങ്ങൾ ചോദിച്ചുചോദിച്ച് നമ്മൾ മനസ്സിൽ വിചാരിച്ചയാളെ കൂടെയുള്ളയാൾ കണ്ടുപിടിക്കും. ടി.വി.യിലും യൂട്യൂബിലുമെല്ലാം ഈ ഗെയിം കൂട്ടുകാർ കണ്ടിട്ടുണ്ടോ? ചോദ്യങ്ങൾ ചോദിക്കുന്നയാൾക്ക് എന്തൊരു ബുദ്ധിയാണല്ലേ? ഈ കളി നമ്മുടെകൂടെ കളിക്കാൻ ഇനി എ.ഐ. ചങ്ങാതിയുണ്ട്. നമ്മുടെ മനസ്സിൽ വിചാരിച്ച ഉത്തരത്തെ ചോദ്യങ്ങളിലൂടെ ചോർത്തിയെടുക്കുന്ന ‘Akinator’ എന്ന എ.ഐ. മാന്ത്രികൻ! സ്മാർട്ടാണ് മാന്ത്രികൻ! ബ്രൗസറിൽ https://www.akinator.com എന്ന് സെർച്ച് ചെയ്താൽ നമുക്ക് മാന്ത്രികന്റെയടുത്തെത്താം. നീലനിറമുള്ള കുർത്തയും വെളുത്ത തൊപ്പിയുമെല്ലാമണിഞ്ഞ് മാന്ത്രികൻ നമ്മുടെ ചോദ്യങ്ങൾക്കായി കാത്തിരിക്കും. ‘Hello, I am Akinator’ എന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തും. മുകളിൽ നമുക്കിഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. കൂടെ ‘Sensitive content filter’ എന്ന ബട്ടൺ ഓണാക്കുകയും വേണം. വേഗം വിചാരിച്ചോളൂ, ചോദ്യം റെഡിയാണ്! സ്‌ക്രീനിന് നടുവിലുള്ള പ്ലേ ബട്ടൺ അമർത്തിയാൽ നമുക്ക് കളിയിലെ നിർദേശങ്ങൾ ലഭിക്കും. ഒരു വ്യക്തിയെയോ കഥാപാത്രത്തെയോ വസ്തുവിനെയോ മൃഗത്തെയോ നമുക്ക് മനസ്സിൽ വിചാരിക്കാം. ശേഷം ചോദ്യങ്ങളുടെ വരവാണ്. Yes, No, Don’t know, Probably, Probably not എന്നീ ഓപ്ഷനുകളിൽനിന്ന് അനുയോജ്യമായത് നമ്മൾ തിരഞ്ഞെടുക്കണം. ഉടനെ അടുത്ത ചോദ്യം വരും. അങ്ങനെ, നമ്മുടെ മനസ്സിൽ വിചാരിച്ച കാര്യം നിമിഷങ്ങൾക്കുള്ളിൽ ‘Akinator’ കണ്ടെത്തും. ഇനി ഒരു രഹസ്യം പറയാം! നമ്മൾ വിചരിച്ച വസ്തുവിനെ ‘Akinator’ എങ്ങനെ തിരിച്ചറിഞ്ഞെന്ന് അദ്ഭുതപ്പെട്ടിരിക്കേണ്ട. എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കളികളാണ്. ഇത്തരം ഗെയിമുകൾക്ക് ഉപയോഗിക്കുന്ന ട്രിക്കുകളെ ‘ക്ലാസിഫിക്കേഷൻ അൽഗോരിതങ്ങൾ’ എന്നാണ് പറയുന്നത്. ഇത് മെഷീൻ ലേണിങ്ങിന്റെ ഒരു ഭാഗമാണ്. നമ്മുടെ ഉത്തരങ്ങൾ മനസ്സിലാക്കി എങ്ങനെ അടുത്ത ചോദ്യം ചോദിക്കണമെന്ന വിദ്യ ഈ ടെക്‌നിക്കിലൂടെ മാന്ത്രികൻ പഠിച്ചുവെച്ചിട്ടുണ്ട്! നേരം കളയാതെ അടുത്തയാളെ മനസ്സിൽ വിചാരിച്ചോളൂ!
Source link