Live പ്രതിപക്ഷ പ്രതിഷേധത്തോടെ പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ‘ത്രിഭാഷ’ പ്രതിഷേധത്തിൽ ലോക്സഭ നിർത്തിവച്ചു

ന്യൂഡൽഹി∙ ത്രിഭാഷ നയത്തെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ ബഹളം. സഭ സമ്മേളിച്ച് ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ ഭാഷാ നയത്തിനെതിരായ പ്രതിഷേധം ഉയർന്നു. ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിൽ സഭാനടപടികൾ തടസ്സപ്പെട്ടു. തുടർന്ന് 12 മണിവരെ നിർത്തിവച്ച ലോക്സഭ വീണ്ടും പുനഃരാരംഭിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കലിൽ ഡിഎംകെയാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. എന്നാൽ ഡിഎംകെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സ്റ്റാലിന്റെ നേതൃത്വത്തില്‍ പാർട്ടി രാഷ്ട്രീയ അവസരവാദം കാട്ടുകയാണെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.അതിനിടെ, മണിപ്പുർ വിഷയത്തിൽ കോൺഗ്രസ് എംപി അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി. മണിപ്പുരിലെയും ജമ്മുവിലെയും ആഭ്യന്തര സുരക്ഷാ പ്രതിസന്ധിയെക്കുറിച്ചും വർധിച്ചുവരുന്ന അക്രമങ്ങളെ കുറിച്ചും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്.
Source link