‘ദൃശ്യം’ പ്രചോദനം, 50-കാരിയെ കൊന്ന് ഗാര്‍ബേജിലുപേക്ഷിച്ചു, കാമുകിയെ കാണാനെത്തിയപ്പോള്‍ അറസ്റ്റ്

ബെംഗളൂരു: നാല് മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ അമ്പതുകാരിയായ കാണാതായ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. കഴിഞ്ഞ നവംബറില്‍ കാണാതായ മേരി എന്ന മധ്യവയസ്‌കയെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തി സ്വര്‍ണാഭരണം കവരുകയായിരുന്നു. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്.ബി കോളനി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 30-കാരനായ ലക്ഷ്മണിനെയാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. മേരിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ലക്ഷ്മണ്‍ കവര്‍ന്നു. കന്നഡ ചിത്രം ദൃശ്യ കണ്ടാണ് തെളിവുകള്‍ എങ്ങനെ നശിപ്പിക്കാമെന്ന് മനസിലാക്കിയതെന്ന് ലക്ഷ്മണ്‍ പോലീസിനോട് പറഞ്ഞു. മോഹന്‍ലാലിന്റെ ദൃശ്യം സിനിമയുടെ കന്നഡ റീമേക്കാണ് ദൃശ്യ. മേരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞെന്നും അതിനൊപ്പം അവരുടെ മൊബൈല്‍ സിമ്മും ഉപേക്ഷിച്ചെന്നും ലക്ഷ്മണ്‍ പോലീസിനോട് പറഞ്ഞു. മേരിയുടെ മൊബൈല്‍ ഫോണ്‍ ഒരു ട്രക്കിലേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നാല് മാസത്തോളം പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാന്‍ ലക്ഷ്മണിനെ സഹായിച്ചുവെന്നും പോലീസ് പറയുന്നു.
Source link