ഇന്ത്യൻ ക്രിക്കറ്റിൽ ഇത് അക്ഷർ പട്ടേലിന്റെ കാലം; ചാംപ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്ക്, ഇനി ഐപിഎലിൽ ഡൽഹി ക്യാപ്റ്റൻ!

ന്യൂഡൽഹി∙ അഭ്യൂഹങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ട് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിലേക്ക് ഡൽഹി ക്യാപിറ്റൽസ് നായകനായി ഇന്ത്യൻ താരം അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ചു. നായകസ്ഥാനത്തേക്ക് കണ്ണുവച്ച് താരലേലത്തിൽ സ്വന്തമാക്കിയ കെ.എൽ. രാഹുൽ താൽപര്യക്കുറവ് അറിയിച്ചതോടെയാണ് ഓൾറൗണ്ടറായ അക്ഷർ പട്ടേലിനെ നായകസ്ഥാനം ഏൽപ്പിക്കാൻ ഡൽഹി തീരുമാനിച്ചത്. ഇത്തവണ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്‌ക്ക് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് അക്ഷർ പട്ടേൽ.ടീമിന്റെ നായകനായിരുന്ന ഋഷഭ് പന്തിനെ താരലേലത്തിനു വിട്ടാണ് ഇത്തവണ രാഹുലിനെ ഡൽഹി ടീമിലെത്തിച്ചത്. ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്ത് അവിടെയും നായകസ്ഥാനത്തുണ്ട്. എന്നാൽ, ഡൽഹി സ്വന്തമാക്കിയ രാഹുൽ ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നായകസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ഡൽഹി ക്യാപിറ്റൽസ് പുതിയ നായകനായി അന്വേഷണം ആരംഭിച്ചത്.
Source link