മോടിയോടെ മുണ്ടിൽ: ഇനി പൂർണസമയം കേരളത്തിലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിൽനിന്ന് 2021 ജൂലൈ 7നു എനിക്ക് ഒരു കോൾ വന്നു. പ്രധാനമന്ത്രിയെ പെട്ടെന്നു കാണണം. വൈകാതെ ഞാൻ ഓഫിസിലെത്തി കണ്ടു. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നു മോദിജി നിർദേശിച്ചു. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു. ‘ഇനി മുതൽ മുണ്ടുടുക്കാൻ ശ്രമിക്കൂ. അതു നന്നാകും.’ പിറ്റേന്നു സത്യപ്രതിജ്ഞയ്ക്കും അതു കഴിഞ്ഞ് ഓഫിസിൽ ചുമതലയേൽക്കാനും ഞാൻ മുണ്ടുടുത്താണു പോയത്. അതിനുശേഷം മുണ്ടാണ് എന്റെ സ്ഥിരം വേഷം – ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു നാമനിർദേശപത്രിക നൽകിയ ശേഷമാണ് രാജീവ് ചന്ദ്രശേഖർ മനോരമയോട് ഈ ‘മുണ്ടുകഥ’ പങ്കുവച്ചത്. പതിവുമുഖങ്ങളെ മാറ്റി ഇത്തവണ നരേന്ദ്ര മോദി, രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലേക്കാണു നിയോഗിച്ചത്. നിധിൻ ഗഡ്കരി ദേശീയ അധ്യക്ഷനായിരിക്കെ, 2010ൽ ‘വിഷൻ 2025’ പദ്ധതി തയാറാക്കാൻ രൂപീകരിച്ച നേതാക്കളുടെയും വിദഗ്ധരുടെയും കമ്മിറ്റിയുടെ ചെയർമാൻ രാജീവ് ചന്ദ്രശേഖറായിരുന്നു. 2025ൽ കൃഷി, അടിസ്ഥാനസൗകര്യം, ഐടി, ഉൗർജം, വ്യവസായം തുടങ്ങി 50 മേഖലകളിൽ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാർട്ടിയുടെ പിന്നീടുള്ള ആലോചനകൾ. എഐ സാങ്കേതികവിദ്യാരംഗത്തു വിദേശത്തെ പ്രധാന യോഗങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നിയോഗിച്ചതിനാൽ അതിന്റെ യാത്രകളിലായിരുന്നു കഴിഞ്ഞയാഴ്ച വരെ. ‘ഇന്നലെ രാവിലെയാണ് ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നോട് സംസ്ഥാന പ്രസിഡന്റാകണമെന്ന കാര്യം അറിയിച്ചത്. ഇനി പൂർണസമയം കേരളത്തിൽ പ്രവർത്തിക്കും’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Source link