Champions Trophy Final നിർണായക സമയത്ത് ദേ, ക്യാപ്റ്റൻ രോ‘ഹിറ്റ്’ (76); കിവീസ് വെല്ലുവിളി മറികടന്ന് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ചാംപ്യൻമാർ

ദുബായ്∙ ടൂർണമെന്റിലെ തന്റെ ഏറ്റവും മികച്ച പ്രകടനം കലാശപ്പോരിന്റെ ആവേശത്തിലേക്ക് കാത്തുവച്ച ക്യാപ്റ്റൻ രോഹിത് ശർമ, ന്യൂസീലൻഡ് ബാറ്റർമാർക്ക് ശ്വാസം വിടാൻ പോലും അവസരം നൽകാതെ വരിഞ്ഞുമുറുക്കി കറക്കിവീഴ്ത്തിയ സ്പിന്നർമാർ, തുടർച്ചയായി വിക്കറ്റ് വീണാലും സമ്മർദ്ദത്തിന് അടിപ്പെടാതെ ക്രീസിലുറച്ചുനിൽക്കുന്ന മധ്യനിരയുടെ നിശ്ചദാർഢ്യം, ഇന്ത്യയിലെ സ്റ്റേഡിയങ്ങളേപ്പോലും അതിശയിക്കുന്ന തരത്തിൽ ദുബായിലെ നിഷ്പക്ഷ വേദി നീലക്കടലാക്കി മാറ്റിയ ആരാധകക്കൂട്ടം, മത്സരം നടന്ന ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമെന്ന ‘ഒറ്റ വേദി’യിൽ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം മുതൽ ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടം വരെ ഒറ്റക്കെട്ടായി പൊരുതിയ ടീം ഇന്ത്യ…വർഷങ്ങൾ കാത്തുകാത്തിരുന്നു നേടിയെടുത്ത ട്വന്റി20 ലോകകിരീടത്തിനു ശേഷം ചാംപ്യൻസ് ട്രോഫി കിരീടത്തിനായി ഇന്ത്യൻ താരങ്ങളും ആരാധകരും അതിയായി ആഗ്രഹിച്ചപ്പോൾ, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഈ പ്രപഞ്ചം ഒന്നടങ്കം ആ ആഗ്രഹസഫലീകരണത്തിന് കൂട്ടുനിന്നു. ഫലം, ഒരു വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പിനു ശേഷം ചാംപ്യൻസ് ട്രോഫിയിൽ നീലപ്പടയുടെ മുത്തം. ഇടയ്ക്ക് കുറച്ച് ആശങ്കയുടെ നിമിഷങ്ങളുണ്ടായെങ്കിലും, വിജയവഴിയിൽനിന്ന് ഒരു ഘട്ടത്തിലും തെന്നിമാറാതെ മുന്നേറിയ ഇന്ത്യ നാലു വിക്കറ്റിനാണ് ന്യൂസീലൻഡിനെ തകർത്തത്. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി വിജയമാണിത്. തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച രോഹിത് ശർമയാണ് കളിയിലെ താരം. ന്യൂസീലൻഡിന്റെ ഇന്ത്യൻ വംശജനായ താരം രചിൻ രവീന്ദ്ര ടൂർണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
Source link